ഡോ. സജി ഉമ്മന്‍ ,
ജില്ലാ ആയുര്‍വേദ ആശുപത്രി,
ആലപ്പുഴ

മനുഷ്യമനസ്സിന്‍റെ സ്വാഭാവിക ഭാവനയെയും ചിന്താശേഷിയേയും അസ്വാഭാവികമായ സാങ്കല്‍പ്പിക ലോകത്തിലൂടെ നയിക്കാന്‍ സഹായിക്കുന്ന എന്തും ലഹരി വസ്തുവാണ്. അത് മദ്യമാകാം., പുകവലിയാകാം, മയക്കുമരുന്നാകാം, സംഗീതമാകാം, സങ്കുചിത മതചിന്തയാകാം, രാഷ്ട്രീയ ചിന്തയാകാം, വ്യക്തി ചിന്തയാകാം. ഒരു വ്യക്തി ലഹരിക്ക് അടിയാണെന്ന് പറയുമ്പോള്‍ ഏത് തരം ലഹരി എന്നത് അങ്ങേയറ്റം പ്രസക്തമാകുന്നു.

ഇന്ന് സാധാരണയായി കാണുന്നതും സമൂഹത്തിന്‍റെ കാര്യമായ എതിര്‍പ്പൊന്നും കൂടാതെ നിലനില്‍ക്കുന്നതുമായ മൂന്ന് ദുശ്ശീലങ്ങളാണ് മദ്യപാനം, പുകവലി, മയക്കുമരുന്ന് എന്നിവ. മനുഷ്യരുടെ പ്രത്യേകിച്ച് യുവതലമുറയുടെ ആരോഗ്യവും ബുദ്ധി ശക്തിയും ക്രിയാ ശക്തിയും നശിപ്പിക്കുന്ന ഇവയെപ്പറ്റിയുള്ള അറിവും പ്രതികരണവും അപര്യാപ്തമാണ്.അറിവില്ലായ്മയാണ് പലരും ഇതിന് അടിമകളാകാന്‍ കാരണം.”സാമൂഹ്യ- ബിസിനസ്സ് ബന്ധങ്ങള്‍ എളുപ്പമാക്കി തീര്‍ക്കുന്നു” ”മാനസിക സംഘര്‍ഷങ്ങളെ ശമിപ്പിക്കുന്നു” ”മനസ്സിന്‍റെ അറപ്പുകളേയും അപര്യാപ്തതകളേയും ഇല്ലാതാക്കുന്നു” ”മനസ്സിന് സന്തോഷം നല്‍കുന്നു” തുടങ്ങിയ അബദ്ധ ധാരണകള്‍ സമൂഹത്തിന്‍റെ മാത്രം പ്രചരിക്കുന്നവയാണ്. ബോധവല്‍ക്കരണത്തിന്‍റെ അഭാവം ഇവിടെ തെളിഞ്ഞ് കാണാം.

ലഹരിക്ക് അടിമയായ വ്യക്തിയെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതായി വിശേഷിപ്പിക്കാമെങ്കിലും യാഥാര്‍ത്ഥ്യങ്ങളെ നേരിടാനും അവയെ തനിക്കനുകൂലമായി പരിഹരിക്കാനും ബുദ്ധി സാമര്‍ത്ഥ്യം ഉള്ള ഒരു വിഭാഗത്തിന്‍റെ കാര്യം ഒരു ചോദ്യചിഹ്നമായി അവശേഷിക്കും. ഇവിടെയാണ് മറ്റ് പലതിന്‍റെയും സ്വാധീന ശക്തി പ്രകടമാകുന്നത്.

വിലക്കപ്പെട്ടവ രുചിച്ചു നോക്കുവാനും അനുഭവിക്കുവാനും ഉള്ള പ്രകൃത്യ ഉള്ള ഒരു ആഗ്രഹവും ജിജ്ഞാസയും മനുഷ്യവര്‍ഗ്ഗത്തോളം തന്നെ പഴക്കമുള്ളതാണെല്ലോ. ഒരു പക്ഷേ ഇന്നത്തെ ശാസ്തപുരോഗതിക്കും കാരണം അതുതന്നെ ആകാം പലതരം മയക്കു മരുന്നുകളെപ്പറ്റിയും ഭാഗിതജ്ഞാനം മാത്രമുള്ള യുവജനങ്ങള്‍ അത് രുചിച്ച് നോക്കുവാന്‍ ശ്രമിക്കുകയും അവയുടെ അടിമകളായിത്തീരുന്നതും സാധാരണമാണ്. കൂട്ടുകാരുമൊത്ത് വിജയം(അതോ പരാജയമോ?)ആഘോഷിക്കാനായി ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരാണ് മറ്റൊരു കൂട്ടര്‍ . ചിലരാകട്ടെ കൂട്ടുകാരുടെ മുന്നില്‍ ചെറുതാകാതിരിക്കാനായി ആദ്യമായോ അല്ലാതെയോ ഉപയോഗിച്ചു തുടങ്ങുന്നു.ചിലര്‍ ജീവിതദു:ഖങ്ങള്‍ മറക്കുന്നതിനായി, ഒട്ടകപക്ഷി ശത്രുക്കളെ കാണുമ്പോള്‍ തല മണ്ണില്‍ പൂഴ്ത്തി വെയ്ക്കുന്നതുപോലെ തങ്ങളുടെ സ്വബോധത്തെ താല്ക്കാലികമായി മദ്യത്തില്‍ പൂഴ്ത്തി വെയ്ക്കാന്‍ ശ്രമിക്കുന്നു. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം മോര്‍ഫിന്‍ , പെത്തടിന്‍ , ഫിനോബോര്‍വിറ്റോണ്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ തുടങ്ങുന്നവര്‍ അവയ്ക്ക് അടിമകളായി തീരാനുള്ള സാദ്ധ്യത വളരെയാണ്.കഞ്ചാവ്, LSD തുടങ്ങിയവയും ചുണ്ടില്‍ പുകയുന്ന ബീഡിയും കലാകാരന്‍റെ സര്‍ഗ്ഗപ്രതിഭയെ വര്‍ദ്ധിപ്പിക്കുമെന്നുള്ള ഒരു മിഥ്യാധാരണ പരക്കെയുണ്ട്.ചില കവികള്‍ , സംഗീത വിദഗ്ദര്‍ , ചിത്രകാരന്‍മാര്‍ ലഹരിക്ക് അടിമകളായിരുന്നു എന്നതാണ്‌ ഈ അബദ്ധ ധാരണയ്ക്ക് കാരണം. ഈ കൂട്ടരെ അനുകരിക്കുന്ന ഒരു വിഭാഗവും സമൂഹത്തിലിന്നുണ്ട്. ഇന്ന് വിദ്യര്‍ത്ഥികളുടെ ഇടയില്‍ തുടങ്ങി വരുന്ന മറ്റൊരു ലഹരി പ്രയോഗമാണ് 'പെപ്പ്' ഗുളികകളുടെ ഉപയോഗം.പരീക്ഷയടുക്കുമ്പോള്‍ ഉറക്കം ഇളച്ചിരിക്കുന്നതിനും ബുദ്ധിശക്തിക്കും വേണ്ടി ഡെക്സ്ഡ്രിന്‍ , മെത്തഡ്രിന്‍ തുടങ്ങിയ ഗുളികകള്‍ ശീലിക്കുന്നവര്‍ ക്രമേണ അതില്ലാതെ ജിവിക്കാന്‍ വയ്യാത്ത അവസ്ഥയിലേക്ക് അവര്‍ എത്തിച്ചേരുന്നു. സമൂഹത്തിന്‍റെ മേലേ തട്ടിലുള്ളവര്‍ തങ്ങളുടെ സൌഹൃദത്തിന്‍റെ പശ്ചാത്തലമായി മദ്യത്തെ കാണുമ്പോള്‍ അദ്ധ്വാനിക്കുന്ന വിഭാഗമാകട്ടെ തങ്ങളുടെ അദ്ധ്വാനക്ഷീണം അകറ്റാനെന്ന ഭാവേന മദ്യത്തില്‍ ശരണം പ്രാപിക്കുന്നു.

ലഹരിക്ക് അടിമപ്പെട്ട മനുഷ്യന്‍റെ ജീവിതവും അടിമത്വത്തിലേക്കുള്ള പ്രയാണം ആരംഭിക്കുകയായി. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിലൂടെ യഥാര്‍ത്ഥ ലോകത്തില്‍ നിന്നും വേര്‍പെട്ട് തന്‍റെതു മാത്രമായ ഭവനകളുടെ ഒരു സ്വപ്ന ലോകത്ത് വിഹരിക്കാണ് അയാള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്. ഇതിലൂടെ അയാല്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുന്നു. ഈ ഒറ്റപ്പെടലും മാനസികാഘാതങ്ങളും അയാളെ പൂര്‍വ്വാധികം ശക്തമായി ആ മായാലോകത്തേക്ക് ക്ഷണിക്കുന്നു. ഇത് തുടര്‍ന്നു കൊണ്ടേയിരിക്കും. ശാരീരികവും മാനസികവുമായ അടിമത്തത്തിലേക്ക് അയാള്‍ വഴുതി വീഴുകയും ചെയ്യുന്നു.

മദ്യപാനം കൊണ്ട് ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന വ്യതിയാനങ്ങളെപ്പറ്റി വിശദമായ പഠനങ്ങള്‍ വൈദ്യശാസ്ത്രത്തിലുണ്ട്. മദ്യപാനം കൊണ്ട് ഏറ്റവും അധികം ഉപദ്രവം ഉണ്ടാകുന്നത് കരളിനാണ്. ഫാറ്റി ലിവര്‍ , ആള്‍ക്കഹോളിക്ക് സിറോസിസ് ഓഫ് ലിവര്‍ , മഞ്ഞപ്പിത്തം മുതലായവ ഉദാഹരണങ്ങളാണ്. കൂടാതെ ദഹനക്കേട് , ക്ഷീണം, മഹോദരം, രക്തം ഛര്‍ദ്ദിക്കല്‍ മുതലായവ മദ്യപാനികളില്‍ സാധാരണമാണ്. വിഷപദാര്‍ത്ഥങ്ങളെ നിര്‍വ്വീര്യമാക്കുന്ന കരളിന്‍റെ ധര്‍മ്മം തകരാറിലാകുന്നതിലൂടെ വിഷദ്രവ്യങ്ങള്‍ തലച്ചോറിലെത്താനും ഇതുമൂലം ബോധക്ഷയം ഉണ്ടാകുന്ന രോഗി മരിക്കാനുള്ള സാദ്ധ്യതയും വളരെയേറെയാണ്.വൈറസ് ബാക്ടീരിയ., അമീബ തുടങ്ങിയ ജീവികളുടെ ആക്രമണം ഏറ്റവും കൂടുതലുണ്ടാകുന്നത് മദ്യപാനികളുടെ കരളിലാണ്.മദ്യവും ലഹരി പദാര്‍ത്ഥങ്ങളും തലച്ചോറിനെ ബാധിക്കുന്നതിലൂടെ നിയന്ത്രണം വിട്ട പെരുമാറ്റം, നടപ്പ്, സംസാരം തുടങ്ങിയവ ഉണ്ടാകുന്നു. കൈകാലുകളെ ശരിയാംവിധം നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നു. സെറിബല്ലത്തിനുണ്ടാകുന്ന തകരാര്‍ മൂലം വിറയലും ഉണ്ടാകുന്നു. ബുദ്ധിമാന്ദ്യം ഉണ്ടാകുകയും വ്യക്തിയുടെ വിവേചന സാമര്‍ത്ഥ്യത്തേയും സ്ഥിരീകരണ ശക്തിയേയും ഇത് ബാധിക്കുകയും ചെയ്യുന്നു. ഭൂതകാലം ശരിക്ക് ഓര്‍മ്മിക്കാന്‍ സാധിക്കുമെങ്കിലും വര്‍ത്തമാന കാലത്തെ സംബന്ധിച്ചടത്തോളം ഓര്‍മ്മശക്തി പൂര്‍ണ്ണമായും നശിക്കുക അമിതമദ്യപാനികളില്‍ സാധാരണയാണ്. ഇതുമൂലം അയാള്‍ ഭാവനയില്‍ പല അസത്യ സംഭവങ്ങളും നെയ്തെടുക്കാനുള്ള വ്യഗ്രത കാണിക്കുന്നു.ഇത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. മാനസികമായി തളരുന്ന ഇച്ഛാശക്തിയും, സര്‍ഗ്ഗശക്തിയും കര്‍മ്മശക്തിയും നശിച്ച് അയാള്‍ സ്വയം നിര്‍മ്മിച്ച നാശത്തിന്‍റെ അഗാധ ഗര്‍ത്തത്തിലേക്ക് യാത്രയാകുന്നു.

ലഹരിമരുന്നുകള്‍ക്ക് അടിമയായ ഒരു വ്യക്തി അതില്‍ നിന്നും പിന്‍തിരിയാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങളുടെ സാങ്കേതിക സംജ്ഞയാണ് വിത്ത്ഡ്രാവല്‍ സിംപ്‌റ്റംസ് ശാരീരികമായ അടിമത്തത്തെയാണ് ഇത് കുറിക്കുന്നത്. ശാരീരികവും മാനസികവുമായ അടിമത്തത്തെ അഡിക്ഷന്‍ എന്നും മാനസികമായ അടിമത്തത്തെ ഹാബിറ്റേഷന്‍ എന്നും പറയുന്നു.

ഇങ്ങനെ അടിമകളാകുന്ന മനുഷ്യന്‍ കുടുംബത്തിനും സമൂഹത്തിനും ഭാരമായിത്തീരുന്നു. അതോടൊപ്പം അപകടകാരിയും ആയിത്തീരുന്നു. എങ്ങിനെയെങ്കിലും അടുത്ത പ്രാവിശ്യത്തേക്കുള്ള ലഹരി വസ്തു സമ്പാദിക്കുക എന്നത് അയാളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായിത്തീരുന്നു. ഇതിനായി കൊലപാതകം, കവര്‍ച്ച മുതലായവ എന്തും അനന്തര ഫലത്തെപ്പറ്റി യാതൊരു ഉത്കണ്ഠയും കൂടാതെ ഇവര്‍ ചെയ്യും. എല്ലാ ലഹരി മരുന്നുകളും വിലയേറിയവയാണ്. വരുമാനത്തിന്‍റെ നല്ലൊരു വിഭാഗം ഇവയ്ക്കായി നീക്കി വെയ്ക്കുന്നതിലൂടെ കുടുംബം, കുട്ടികള്‍ , അവരുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെല്ലാം അവതാളത്തിലാകുന്നു. മോട്ടോര്‍ വാഹനങ്ങളുടെ ഈ യുഗത്തില്‍ ഈ കൂട്ടര്‍ തങ്ങളുടെയും സഹജിവികളുടെയും ജീവന്‍ അപഹരിക്കുന്ന വിധം വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതും പതിവാണ്. മയക്കുമരുന്നിനടിമപ്പെട്ട മനുഷ്യമനസ്സുകള്‍ മാനുഷികമായ വികാരങ്ങളും മൂല്യങ്ങലും അതിവേഗം വിസ്മരിക്കുന്നു. വഴക്കുകകള്‍ക്കും അക്രങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇത് കാരണമാകുന്നു. നിസ്സാര പ്രകോപനങ്ങള്‍ പോലും വലിയ സംഭവങ്ങള്‍ക്ക് വഴി തെളിക്കുന്നു. മാനസ്സിക രോഗങ്ങളും ഇവരില്‍ അധികമാകും. മയക്കുമരുന്നുകളുടെ അടിമകളാകുന്നതിലൂടെ വെറുതെയിരുന്ന് ചിന്തിക്കുക, പകല്‍ കിനാവുകള്‍ കാണുക എന്നിവയോടൊപ്പം ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളും ഉടലെടുക്കുന്നു. താന്‍ ജിവിക്കുന്നത് എന്തിന് വേണ്ടി എന്ന ചിന്ത അയാളെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിക്കുന്നു.

ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയത്തില്‍ 'മദാത്യയ നിദാനം' എന്ന അദ്ധ്യായത്തില്‍ 5-11 വരെ ശ്ലോകങ്ങളില്‍ മദ്യം, മയക്കുമരുന്നുകള്‍ എന്നിവയുടെ ദോഷവശങ്ങള്‍ താഴെ പറയുന്ന പ്രകാരം വിവരിക്കുന്നു. മദ്യത്താല്‍ മനസ്സിന്‍റെറ സത്വഗുണം നശിക്കുന്ന വ്യക്തിയുടെ രാജസഗുണവും താമസഗുണവും വര്‍ദ്ധിപ്പിച്ച് ജഢനായിത്തീരുകയും തോട്ടികൊണ്ടുള്ള നിയന്ത്രമില്ലാതിരിക്കുന്ന മദയാനയെപ്പോലെ ചെയ്യരുതാത്ത എല്ലാ കാര്യങ്ങളും ചെയ്യുകയും,നിന്ദ്യങ്ങളായ പ്രവര്‍ത്തികള്‍ക്കും ദുശ്ശീലങ്ങള്‍ക്കും വിളനിലമാകുകയും ചെയ്യുന്നു.ധര്‍മ്മവും അധര്‍മ്മവും, അര്‍ത്ഥവും അനര്‍ത്ഥവും, ഹിതവും അഹിതവും മദ്യത്തിനാല്‍ ആസക്തനായവന്‍ തിരിച്ചറിയുന്നില്ല. മോഹം, ഭയം, ദുഖം, കോപം, ഉന്മാദം, ബോധക്ഷയം, അപസ്മാരം(Convulsions),അപതന്ത്രകം എന്നിവയുണ്ടാകുന്നു.പുരുഷാര്‍ത്ഥങ്ങളായ ധര്‍മ്മാര്‍ത്ഥ കാമ മോക്ഷങ്ങള്‍ , ബുദ്ധി, ധൈര്യം, ലജ്ജ മുതലായവയുടെ നാശവും ഉണ്ടാകുന്നു.ഇങ്ങനെയുള്ള മാറ്റങ്ങള്‍ വ്യക്തിയില്‍ കണ്ടാല്‍ മദ്യ-മയക്കുമരുന്ന് അടിമത്വത്തിന്‍റെ സാദ്ധ്യതകള്‍ കണക്കിലെടുക്കേണ്ടതാണ്.

മദ്യത്തിന്‍റെയും മയക്കുമരുന്നുകളുടെയും ഉപയോഗത്തിലുണ്ടാകുന്ന ദൂഷ്യഫലങ്ങളുടെ ചികില്‍സ ആയുര്‍വേദത്തില്‍ മദാത്യയ ചികില്‍സ എന്ന അദ്ധ്യായത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സത്വഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ ആഹാര ജീവിതക്രമങ്ങള്‍ , യോഗ, ധ്യാനം മുതലായവ മദ്യത്തിനും മയക്കു മരുന്നുകള്‍ക്കും അടിമകളാകുന്നവര്‍ക്ക് വളരെ ഗുണം ചെയ്യുന്നതാണ്.

വളര്‍ന്ന് ശക്തിയാര്‍ജ്ജിച്ചുവരുന്ന തലമുറയെ തളര്‍ത്തുകയും നിര്‍ജ്ജീവമാക്കുകയും ചെയ്യുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ നമുക്കും നമ്മുടെ രാജ്യത്തിനും,ഭാവി തലമുറയ്ക്കും ആപത്താണ്. കുടുംബത്തിന്‍റെ കെട്ടുറപ്പ്, സാമൂഹ്യ ബന്ധങ്ങള്‍ , സാമ്പത്തിക പുരോഗതി, വിദ്യാഭ്യാസ പുരോഗതി, ഇവയിലെല്ലാം ലഹരി വസ്തുക്കള്‍ സ്വാധീനം ചെലുത്തുന്നു.

ഇവിടെയാണ് ലഹരി വിമുക്തമായ ജീവിതത്തിന്‍റെയും സമൂഹത്തിന്‍റെയും പ്രസക്തി. ലഹരിയില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാനാവുമോ? തീര്‍ച്ചയായും സാധിക്കും. കാരണം മനുഷ്യന്‍റെ ജീവിതത്തെ രൂപപ്പെടുത്തുന്നത് അവന്‍റെ ചിന്തകളും ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളുമാണ്. ചിന്തകളിലും പ്രതീക്ഷകളിലും ഔന്നിത്യം പ്രകടിപ്പിച്ചിട്ടുള്ള ഒരാള്‍ക്കും മദ്യത്തെ ആശ്രയിക്കേണ്ട കാര്യമില്ല. ജീവത്തിന്‍റെ പിരിമുറുക്കങ്ങളും സാഹചര്യങ്ങളും എന്തു തന്നെയായാലും ഇച്ഛാശക്തിയുള്ള ഒരുമനുഷ്യന് തന്‍റെ ചിന്തകളിലൂടെ അവയെ പരിഹരിക്കാന്‍ സാധിക്കും. ഗാന്ധിജിയുടെയും പല മഹാന്‍മാരുടെയും ജീവിതങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. അതിന് ശ്രമിക്കാന്‍ കഴിയാത്തവരോ സമയമില്ലാത്തവരോ ആണ് ലഹരി മരുന്നുകള്‍ തേടിപ്പോകുന്നത്. ഒരു പ്രശ്നത്തിന്‍റെ ശരിയായ വിശകലനവും അതിനെക്കുറിച്ചുള്ള ചിന്തകളും ആണ് അതിന്‍റെ പരിഹാരത്തിന്‍റെ ആദ്യപടി.മദ്യം ഒരിക്കലും ഇത് നേടിത്തരുന്നില്ല. ആത്യന്തികമായ സുഖവും ദുഖവും മനസ്സ് തന്നെയാണ് സൃഷ്ടിക്കുന്നവയാണ്. അതിനാല്‍ തന്നെ സുഖത്തിനുള്ള ഏകവഴി സ്വന്തം മനസ്സ് തന്നെയാണ്. മനസ്സിന്‍റെ പ്രവര്‍ത്തനം ശരിയായ ഗതിയില്‍ നിയന്ത്രിക്കുകയാണ് ഇതിന് വേണ്ടത്. സുഖം എന്ന വാക്കിന്‍റെ നിര്‍വ്വചനം ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നത് ”സര്‍വ്വേഷാനുകൂല വേദനീയം സുഖം” എന്നാണ്. എല്ലാം എനിക്ക് അനുകൂലമാണ് എന്ന ബോധം ശരിയായി മനസ്സില്‍ നിലനില്‍ക്കുന്ന അവസ്ഥയാണ് സുഖം എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്. മദ്യവും മയക്കുമരുന്നും ഒരിക്കലും ശാശ്വതമായ സുഖം തരുന്നില്ല സാങ്കല്‍പ്പികമായ സ്വപ്നലോകം നല്‍കാനെ അവയ്ക്കാവൂ. ഇത് ശരിയായി മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ലഹരി വിമുക്തമായ വ്യക്തികളും സമൂഹവും സ്വാഭാവികമായിതന്നെ സൃഷ്ടിക്കപ്പെടും. ഈ ഗതിക്കുള്ള കൌണ്‍സിലിംങ്ങും അതോടൊപ്പമുള്ള ആയുര്‍വേദ ചികില്‍സാരീതികളും പ്രശ്നപരിഹാരത്തിന് ഉതകുന്നവയായിരിക്കും.