ഡോ. റ്റി.കെ. സുമ,
അഡീഷണല്‍ പ്രഫസര്‍,
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് മെഡിസിന്‍ ,
റ്റി.ഡി.എം.സി.,
ആലപ്പുഴ

1. ലോകത്തിലെ മിക്കവാറും എല്ലാപേരും പുകവലിക്കുന്നു:-
ഇത് വെറും മിഥ്യാധാരണയാണ്. ലോകത്തിലെ കൂടുതല്‍ ആളുകളും പുകവലിക്കാത്തവരാണ്.

2. പുകവലി പുരുഷത്വത്തിന്‍റെയും ഹീറോയിസത്തിന്‍റെയും ലക്ഷണമാണ്:-
ഈ മിഥ്യാധാരണ ഉണ്ടാകുന്നത് സിഗരറ്റിന്‍റെ പരസ്യത്തിലൂടെയാണ്. ഇത്തരം പരസ്യങ്ങളില്‍ ഉന്മേഷവാനും സാഹസികനുമായ യുവാവിനെയായിരിക്കും അവതരിപ്പിക്കുക. പക്ഷേ ഈ പരസ്യങ്ങള്‍ക്ക് വശംവദരായി പുകവലി ആരംഭിക്കുന്നത് ഒരിക്കലും ഹീറോയിസമാവില്ല. മറിച്ച് അതിനെതിരായുള്ള ഒരു ഉറച്ച തീരുമാനമെടുക്കുന്നതിനാവും ഒരാളുടെ സാമര്‍ത്ഥ്യം പ്രകടമാവുന്നത്.

3. പുകവലി ഹാനികരമാണെന്ന് അറിയാം. എന്നാലും മറ്റ് പല കാര്യങ്ങളുമുണ്ടല്ലോ ഹാനികരമായി, പിന്നെ പുകവലി മാത്രമായി എന്തിന് ഉപേക്ഷിക്കണം:-
ആരോഗ്യത്തിന് ഹാനികരമായ മറ്റ് പല കാരണങ്ങളേക്കാളും ദൂഷ്യഫലങ്ങള്‍ ഉള്ള ഒന്നാണ് പുകവലി. കണക്കുകള്‍ നോക്കിയാല്‍ വികസിത രാജ്യങ്ങളില്‍ ഒഴിവാക്കാനാവുന്ന മരണ കാരണങ്ങളില്‍ ഒന്നാമതാണ് പുകവലി. ലോകമെമ്പാടും നോക്കുകയാണെങ്കിലും ഒരു ദിവസം ഏകദേശം 11,000 പേരോളം പുകവലിയുടെ ദൂഷ്യഫലങ്ങള്‍ കൊണ്ട് മരണപ്പെടുന്നു. വേറൊന്നു കൂടി മറ്റ് ഹാനികരമായ വസ്തുക്കള്‍ ദുരുപയോഗം ചെയ്യുമ്പോഴാണ് ദൂഷ്യഫലങ്ങള്‍ ഉണ്ടാവുക. എന്നാല്‍ പുകവലിയെ സംബന്ധിച്ച് സുരക്ഷിതമായ ഉപയോഗം എന്നൊന്നില്ല(Safe cigarette). പുകവലി കൊണ്ടുള്ള ദൂഷ്യഫലങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല പുകവലിക്കുമ്പോള്‍ സമീപത്തുള്ളവര്‍ക്കുപോലും ഉണ്ടാകുന്നുവെന്ന് നിസ്സംശയം തെളിഞ്ഞിട്ടുള്ളതാണ്.

4. പുകവലികൊണ്ട് വളരെകുറച്ച് ദൂഷ്യഫലങ്ങള്‍ മാത്രമേ ഉള്ളൂ:-
സാധാരണയായി ശ്വാസകോശ അര്‍ബുദം, ഹൃദയാഘാതം , മറ്റ് ശ്വാസകോശരോഗങ്ങള്‍, ഗര്‍ഭിണികള്‍ പുകവലിച്ചാല്‍ കാരണമായേക്കാവുന്ന കുഞ്ഞിന്‍റെ വളര്‍ച്ചയില്ലായ്മ എന്നിവയാണ് പുകവലിയുടെ ദൂഷ്യഫലങ്ങളായി വിലയിരുത്തപ്പെടുന്നവ. എന്നാല്‍ ഒരു വ്യക്തി പുകവലിക്കുമ്പോള്‍ ഏകദേശം നാലായിരത്തോളം മാരകമായ വസ്തുക്കള്‍ ആ വ്യക്തിയുടെ രക്തത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കലരുന്നു. ഈ മാരക വസ്തുക്കള്‍ ശരീരത്തിന്‍റെ എല്ലാ കോശങ്ങളിലും എത്തിച്ചേരുകയും ദൂഷ്യഫലങ്ങള്‍ ഉളവാക്കുകയും ചെയ്യും. അങ്ങനെ ശ്വാസകോശം, ഹൃദയം, രക്തക്കുഴലുകള്‍, എല്ലുകള്‍, സന്ധികള്‍ , ആമാശയവും, കുടലും, തലച്ചോറ്, ഞരമ്പുകള്‍ എന്നിങ്ങനെ എല്ലാ അവയവങ്ങളേയും മോശമായി ബാധിക്കുന്നു.

5. പുകവലിയുടെ ദൂഷ്യഫലങ്ങള്‍ പ്രായമേറ ചെല്ലുമ്പോള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ:-
പുകവലി മൂലമുണ്ടാകുന്ന ആഘാതങ്ങള്‍ അപ്പപ്പോള്‍ തന്നെ ഉണ്ടാകാം. വളരെ പ്രായം കുറഞ്ഞ ആളുകള്‍ വരെ ഈ കാരണം കൊണ്ട് മരണത്തിന് അടിമപ്പെട്ടിട്ടുണ്ട്. പുകവലി തുടങ്ങുന്നതിന് മുമ്പ് ഓരോരുത്തരം ആലോചിക്കേണ്ടത് ഇവരെക്കാളെല്ലാം കൂടതല്‍ കാലം നമുക്ക് ജീവിച്ചു കൂടെ എന്നാണ്.

6. ഞാന്‍ വളരെ മിതമായി മാത്രമേ പുകവലിക്കുന്നുള്ളൂ. അതുകൊണ്ട് അതെന്നെ ബാധിക്കില്ല:-
പഠനങ്ങള്‍ സൂചിപ്പിക്കുന്നതു് വല്ലപ്പോഴും പുകവലിക്കുന്നവര്‍ക്കും ദിവസേന കുറച്ച് സിഗരറ്റുകള്‍ മാത്രം വലിക്കുന്നവര്‍ക്കും ഹൃദയാഘാതം ഉണ്ടാകുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് എന്നാണ്. നേരത്തെ പ്രസ്താവിച്ചതുപോലെ മറ്റ് പല വസ്തുക്കളുടെ ദൂഷ്യഫലങ്ങള്‍ ഉണ്ടാകുന്നത് അവയുടെ ക്രമാതീതമായ ഉപയോഗത്തിലൂടെയാണ്. പക്ഷേ പുകവലിക്ക് സുരക്ഷിതമായ അവസ്ഥ എന്നൊന്നില്ല. മറ്റൊരു വസ്തുത ഒരു വ്യക്തിയെ വളരെയേറെ അടിമപ്പെടുത്തുന്നതാണ് പുകവലി എന്ന ശീലം. അതുകൊണ്ട് തുടക്കത്തില്‍ കുറച്ചു മാത്രം വലിക്കുന്ന ആളും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും ഈ ദുശ്ശീലത്തിന് അടിമപ്പെടും.

7. ഞാന്‍ കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ പുകവലിക്കുകയുള്ളൂ. അതു കഴിഞ്ഞ് ഈ ശീലം അവസാനിപ്പിക്കുമെന്നതിനാല്‍ അതൊരു പ്രശ്നമാവില്ല:-
പുകവലിയുടെ ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ പുകവലി നിര്‍ത്തിയാലുടന്‍ മാറുമെന്നത് ശരിയായ ധാരണയല്ല. ചില പ്രശ്നങ്ങള്‍ പുകവലി നിര്‍ത്തിയാലും സ്ഥിരമായി നില്‍ക്കുന്നവയാണ്.

8. പുകവലി എന്‍റെ ശരീര ഭാരം കുറയ്ക്കുവാന്‍ സഹായിക്കും:-
ഇത് ശരിയല്ല. ഈ ധാരണയോടെ പുകവലി ആരംഭിച്ചാല്‍ ഉദ്ദേശിച്ച ഫലം കാണാതെ വരുമ്പോള്‍ ഉണ്ടാകുന്ന നിരാശയാകും ഫലം. ഇത് മാനസിക പ്രശ്നങ്ങള്‍ക്കും വഴി ഒരുക്കാം.

9. ഞാന്‍ സിഗരറ്റിന് പകരം ബീഡിയോ, പുകയില്ലാത്ത സിഗരറ്റോ ആണ് വലിക്കുന്നത്. അതുകൊണ്ട് എനിക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല:-
എല്ലാ തരത്തിലുള്ള പുകയില ഉപയോഗവും ആരോഗ്യത്തിന് ഹാനികരമാണ്. മാത്രമല്ല, ഇവയെല്ലാമും മനുഷ്യരെ അടിമപ്പെടുത്തുന്നതുമാണ്.

10. ഞാന്‍ പുകവലിക്കുന്നു. എന്നാല്‍ അത് എന്‍റെ മാത്രം പ്രശ്നമാണ്. മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ട കാര്യമില്ല:-
ഒരാള്‍ പുകവലിക്കുമ്പോള്‍ അത് ആ വ്യക്തിയെ മാത്രമല്ല, മറ്റുള്ളവരെപ്പോലും ബാധിക്കുന്നു. പുകവലിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന സൈഡ് സ്ട്രീം പുക ചുറ്റുമുള്ളവരില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളേയാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ പുകവലിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയേയും മറ്റും അത് ബാധിക്കുന്നതാണ്.