ഡോ. പത്മകുമാര്‍,
അസ്സോസിയേറ്റ് പ്രഫസര്‍,
മെഡിസിന്‍ ,
മെഡിക്കല്‍ കോളേജ്,
ആലപ്പുഴ

മറ്റേതൊരു ദുശ്ശീലവും എന്നപോലെ പുകവലിയും നിര്‍ത്തണമെങ്കില്‍ ഏറ്റവും പ്രധാനമായി വേണ്ടത് അദമ്യമായ ഇച്ഛാശക്തി തന്നെയാണ്. പുകവലി ഉപേക്ഷിക്കാനാഗ്രഹിക്കുന്നവരില്‍ തൊണ്ണൂറു ശതമാനവും പരാജയപ്പെടുകയാണ് പതിവ്. എന്നാല്‍ മനശാസ്ത്രപരമായ കൗണ്‍സിലിംങ്ങും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകളും ഉപയോഗിച്ചാല്‍ വിജയസാദ്ധ്യത മൂന്ന് മടങ്ങ് വര്‍ദ്ധിക്കുന്നു.

പുകവലി നിര്‍ത്താനായി നിക്കോട്ടിന്‍ തന്നെ ഉപയോഗിച്ചുകൊണ്ടുള്ള ചികില്‍സ നിലവില്‍ വന്നത് 1980 ലാണ്. പുകവലിക്കാര്‍ക്ക് നിക്കോട്ടിനില്‍ നിന്ന് കിട്ടുന്ന ശാരീരികാനുഭവങ്ങള്‍, പുകവലിക്കാതെ തന്നെ നിക്കോട്ടിന്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ ശരീരത്തിലെത്തിച്ച് നേടുകയെന്നതാണ് നിക്കോട്ടിന്‍ തന്നെ ഉപയോഗിച്ചുകൊണ്ടുള്ള ചികില്‍സയുടെ അടിസ്ഥാനം. നിക്കോട്ടിന്‍ ഇന്‍ഹേലറുകല്‍, സ്പ്രേകള്‍, കൂടാതെ ചര്‍മ്മത്തില്‍ സൂക്ഷിക്കാവുന്ന രൂപത്തിലും, ചവയ്ക്കാവുന്ന രൂപത്തിലും നിക്കോട്ടിന്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ചു തുടങ്ങുമ്പോള്‍ , പുകവലിക്കാരെ ശീലം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങള്‍, നിക്കോട്ടിന്‍ മറു രൂപത്തിലും ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്നില്ല. തുര്‍ഴന്ന് സിഗരറ്റ് ചുണ്ടില്‍ വെയ്ക്കുക, തീ കൊളുത്തുക തുടങ്ങിയ ശീലങ്ങള്‍ പുകവലിക്കാരള്‍ മറന്നു തുടങ്ങുന്നു. ക്രമേണ മറ്റ് രൂപങ്ങളിലുള്ള നിക്കോട്ടിനും പൂര്‍ണ്ണമായും പിന്‍വലിക്കുന്നു.

പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന ഒട്ടേറ മരുന്നുകള്‍ തുടര്‍ന്ന് രംഗത്ത് വന്നെങ്കിലും രണ്ടായിരമാണ്ടോടെയാണ് ഫലപ്രദവും താരതമ്യേന ദോഷഫലങ്ങളില്ലാത്തതുമായ മരുന്ന് –ബുപ്രോപിയോണ്‍ നിലവില്‍ വന്നത്.ഈ മരുന്ന് പ്രവര്‍ത്തിക്കുന്നത് തലച്ചോറിലെ ഡോപമിന്‍ , നോര്‍ അഡ്രിനാലിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് വര്‍ദ്ധിപ്പിച്ചു കൊണ്ടാണ്. അതുകൊണ്ട് പുകവലിക്കുമ്പോള്‍ കിട്ടുന്ന അതേ ശാരീരിക മാനസിക മാറ്റങ്ങള്‍ പുകവലിക്കാര്‍ക്ക് ഈ മരുന്ന് പ്രയോഗിക്കുമ്പോള്‍ ലഭിക്കുന്നു. പുകവലി നിര്‍ത്തുമ്പോള്‍ യാതൊരുവിധ ശാരീരിക അസ്വാസ്ഥ്യങ്ങയളും ഉണ്ടാകുന്നുമില്ല. ഏഴുമുതല്‍ പന്ത്രണ്ട് ആഴ്ചവരെയാണ് ചികില്‍സ തുടരേണ്ടത്.നിശ്ചിത സമയത്തിന് ശേഷം ഉദ്ദേശിച്ച ഫലം കണ്ടില്ലെങ്കില്‍ പരാജയകാരണം മനസ്സിലാക്കി വീണ്ടും ചികില്‍സ ആരംഭിക്കണം.

വിവിധ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത് ബുപ്രോപിയോണ്‍ ഉപയോഗിച്ചു കൊണ്ടുള്ള ചികില്‍സയോടെപ്പം മനശാസ്ത്രപരമായ ചികില്‍സയും കൂടെയുണ്ടെങ്കില്‍ പുകവലി നിര്‍ത്താനുള്ള സാദ്ധ്യതത വര്‍ദ്ധിക്കുമെന്നാണ്. വിശപ്പില്ലായ്മ, രക്താതി സമ്മര്‍ദ്ദം . സന്ധിവേദനകള്‍, ഉറക്കക്കുറവ് തുടങ്ങിയവയാണ് മരുന്നിന്‍റെ പാര്‍ശ്വ ഫലങ്ങള്‍. അപസ്മാര സാദ്ധ്യത ഉണ്ടാകുമെന്നതുകൊണ്ട് അപസ്മാര രോഗികള്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ പാടില്ല.

പുകവലിക്കണമെന്ന് തോന്നുമ്പോള്‍ മറ്റേതെങ്കിലും കാര്യങ്ങളില്‍ ഇടപെടുക. പാട്ടു കേള്‍ക്കുക, നടക്കാന്‍ പോകുക വ്യയാമത്തിലേര്‍പ്പെടുക തുടങ്ങി എന്തുമാകാം.

പലപ്പോഴും മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കാനാണ് പുകവലിക്കുന്നത്. യോഗ, ധ്യനം ഇവ പരിശീലിച്ച് മനസ്സിന് ലാഘവം വരുത്തുക.

സിഗരറ്റ്, പായ്ക്കറ്റായി വാങ്ങാതിരിക്കുക.

ഒരു പ്രത്യേക സ്ഥലത്തോ മുറിയിലോ മാത്രമിരുന്ന് പുകവലിക്കുക.

സിഗരറ്റ് പകുതി മാത്രം ഉപയോഗിച്ച് ബാക്കി കളയുക.

വീട്ടിലും കുടുംബാംഗങ്ങളുടെ മുമ്പില്‍ വെച്ചും ഒരിക്കലും പുകവലിക്കാതിരിക്കുക.

സിഗരറ്റ് വലിക്കണമെന്ന് തോന്നുമ്പോള്‍ ചൂയിംഗം, ഏലയ്ക്കാ, മിഠായി ഇവയിലൊന്ന് ചവയ്ക്കുക.